കിഴങ്ങുവര്‍ഗ്ഗവിളകള്‍

കാച്ചില്‍ , ചേന , ഇഞ്ചി , ചേമ്പ്  , മഞ്ഞൾ ,  കൂര്‍ക്ക ,  കൂവ ,  മധുരക്കിഴങ്ങ്‌ , കാരറ്റ്‌  , ഉരുളക്കിഴങ്ങ്‌



കാച്ചില്‍:
===============================
ഉഷ്ണപ്രദേശങ്ങളില്‍ വളരുന്ന വിളയാണ് കാച്ചില്‍. മഞ്ഞും ഉയര്‍ന്ന താപനിലയും താങ്ങാനുള്ള കഴിവ് ഇതിനില്ല. 300 അന്തരീക്ഷ ഊഷ്മാവും 120 മുതല്‍ 200 സെന്റീമീറ്റര്‍ വരെ മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് അനുയോജ്യം. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ പകല്‍ ദൈര്‍ഘ്യം 12 മണിക്കൂറില്‍ കൂടുതലും അവസാനഘട്ടങ്ങളില്‍ കുറഞ്ഞ പകല്‍ ദൈര്‍ഘ്യവും വിളവിനെ തൃപ്തികരമായി സാധിക്കുന്നു. കാച്ചിലിന് നല്ല ഇളക്കമുള്ളതും ആഴം, നീര്‍വാര്‍ച്ചാ, ഫലഭുയിഷ്ഠത എന്നിവ ഉള്ളതുമായ മണ്ണാണ് യോജിച്ചത്
. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ കാച്ചില്‍ നന്നായി വളരുകയില്ല. തെങ്ങ് , വാഴ എന്നിവയുടെ ഇടവിളയായും കാച്ചില്‍ കൃഷി ചെയ്യാവുന്നതാണ്.


വേനല്‍കാലം അവസാനിക്കുമ്പോള്‍ സാധാരണയായി മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് കാച്ചില്‍ വിത്തുകള്‍ നടുന്നത്. മഴ ലഭിച്ചു തുടങ്ങുന്നതോടെ അവ മുളയ്ക്കുന്നു. നടാന്‍ വൈകുമ്പോള്‍ കാച്ചില്‍ സംഭരണ സ്ഥലത്തുവച്ചു തന്നെ മുളയ്ക്കാറുണ്ട്. അത്തരം കാച്ചില്‍ നടുന്നതിന് യോജിച്ചതല്ല.


കാച്ചില്‍ നടില്‍ വസ്തു കിഴങ്ങുതന്നെയാണ്. കിഴങ്ങ് ഏകദേശം 250ഗ്രാം മുതല്‍ 300 ഗ്രാം വരെ ഭാരമുള്ള കഷണങ്ങളാക്കി പച്ചചാണകസ്ലറിയില്‍ മുക്കി ഉണക്കി എടുക്കേണ്ടതാണ്. കൃഷിക്കായി ഉദ്ദേശിക്കുന്ന സ്ഥലം ഉഴുത് പാകപ്പെടുത്തി 45 x 45 x 45 സെന്റീമീറ്റര്‍ അളവില്‍ കുഴികളെടുത്താണ് കാച്ചില്‍ നടുന്നത്. ഏകദേശം ഒന്നേകാല്‍ കിലോഗ്രാം പൊടിച്ച കാലിവളം മേല്‍മണ്ണുമായി ചേര്‍ത്ത് കുഴിയുടെ മുക്കാല്‍ ഭാഗം മൂടുക. ഇങ്ങനെയുള്ള കുഴികളില്‍ നേരത്തേ തയ്യാറാക്കിയ നടീല്‍ വസ്തു നട്ടതിനുശേഷം മണ്ണ് വെട്ടികൂട്ടി ചെറിയ കൂനകളാക്കുക. ചില സ്ഥലങ്ങളില്‍ കൂനകളില്‍ കുഴിയെടുത്തും കാച്ചില്‍ നടാറുണ്ട്. നട്ടതിനുശേഷം കരിയില, ഉണങ്ങിയ തെങ്ങോല എന്നിവകൊണ്ട് പുതയിടുക. ഇങ്ങനെ പുതയിടുന്നതുമൂലം മണ്ണിലെ ഈര്‍പ്പം നിലനില്‍ക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യാം.

അടിവളമായി 10-15 ടണ്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. ഹെക്ടറിന് 80:60:80 കിലോഗ്രാം നൈട്രജന്‍ : ഫോസ്ഫറസ് : പൊട്ടാഷ് എന്നിവ രണ്ടു തവണയായി നല്‍കണം. ആദ്യവളപ്രയോഗം നട്ട് ഒരാഴ്ച കഴിഞ്ഞ് മുഴുവന്‍ ഫോസ്ഫറസും പകുതി വീതം നൈട്രജനും പൊട്ടാഷും എന്ന കണക്കില്‍ നല്കണം. ബാക്കിയുള്ള നൈട്രജനും പൊട്ടാഷും ഒന്നാം വളപ്രയോഗം കഴിഞ്ഞ് ഒരു മാസത്തിനുശേഷം കളയെടുപ്പും മണ്ണ് അടുപ്പിച്ചുകൊടുക്കുന്നതും ചെയ്യുമ്പോള്‍ നല്കണം.

കൃഷിയിടത്തിലും സംഭരണ കേന്ദ്രത്തിലു നീരുറ്റി കുടിക്കുന്ന ശല്ക്കപ്രാണികള്‍ കീഴങ്ങുകളെ ആക്രമിക്കാറുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ വിത്തുകിഴങ്ങുകള്‍ 0.05 ശതമാനം വീര്യമുള്ള മോണോക്രോട്ടോഫോസ് കീടനാശിനി ലായനിയില്‍ 10 മിനുട്ട് മുക്കിയശേഷം സൂക്ഷിക്കാവുന്നതാണ്.


ഇലകള്‍ക്ക് സൂര്യപ്രകാശം നന്നായി ലഭിക്കുന്നതിന് വള്ളികള്‍ പടര്‍ത്തണം. മുളച്ച് 15 ദിവസത്തിനുള്ളില്‍ കയര്‍ ഉപയോഗിച്ച് തുറസ്സായ സ്ഥലങ്ങലില്‍ കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ കൃത്രിമ താങ്ങുകാലുകളിലും ഇടവിളയായി കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ മരങ്ങളിലും പടര്‍ത്താം. തുറസ്സായ സ്ഥലങ്ങളില്‍ കൃഷിചെയ്യുമ്പോള്‍ ശാഖകള്‍ ഉണ്ടാകുന്നതനുസരിച്ച് വള്ളികള്‍ ശരിയായി പടര്‍ത്തണം. 34 മീറ്റര്‍ ഉയരം വരെ വള്ളികള്‍ പടര്‍ത്താം.

നട്ട് 8-9 മാസം കഴിയുമ്പോള്‍ കാച്ചില്‍ വിളവെടുക്കാം. വള്ളികള്‍ ഉണങ്ങിക്കഴിയുമ്പോള്‍ കിഴങ്ങുകള്‍ക്ക് കേടു വരാതെ വിളവെടുക്കണം.
പ്രധാന ഇനങ്ങള്‍

ശ്രീകീര്‍ത്തി (നാടന്‍)തെങ്ങിനും വാഴയ്ക്കും ഇടവിളയായി നടാന്‍ പറ്റിയ ഇനം.
ശ്രീരൂപ (നാടന്‍)പാചകം ചെയ്യുമ്പോള്‍ ഗുണം കൂടുതലുള്ള ഇനം
ഇന്ദു (നാടന്‍) കുട്ടനാട്ടിലെ തെങ്ങിന് ഇടവിളയായി നടാന്‍ പറ്റിയ ഇനംധ2പ.
ശ്രീ ശില്പ (നാടന്‍)ആദ്യ സങ്കരയിനം.
ആഫ്രിക്കന്‍ കാച്ചില്‍ നൈജീരിയ ജന്മദേശം, അധികം പടരാത്ത, തണ്ടുകളില്‍ വിത്തുണ്ടാകുന്നു
ശ്രീശുഭ (ആഫ്രിക്കന്‍)വരള്‍ച്ചയെ ചെറുക്കാനുള്ള ശേഷി, മൂപ്പ് 9-10 മാസം.
ശ്രീപ്രിയ (ആഫ്രിക്കന്‍)വരള്‍ച്ചയെ ചെറുക്കാനുള്ള ശേഷി
ശ്രീധന്യ (ആഫ്രിക്കന്‍)കുറിയ ഇനം

No comments: