മത്തങ്ങ ,  ചുരക്ക  ,  കോളിഫ്ലവര്  ,  ടെറസ്സില്‍ കൃഷി  , പുകയില കഷായം  ,  ചിപ്പിക്കൂണ്‍  ,  ചീര  ,  മുരിങ്ങ  ,   വെണ്ട കൃഷി  ,   പടവലം  ,   അടുക്കളത്തോട്ടം  ,  കോവയ്ക്ക  ,  വെള്ളരി  ,  വഴുതന  ,  അമരപ്പന്തല്‍  ,  കുമ്പളം  ,  കറിവേപ്പില  ,  തക്കാളികൃഷി  ,  കാബേജ്  ,  നാരകം  ,  കാന്താരിമുളക്  ,  പാല്‍ക്കൂണ്‍  ,  പാലക്ക്‌കാപ്സിക്കം   ,  മല്ലിയില  ,  ആഫ്രിക്കന്‍മല്ലി / ശീമ മല്ലി  ,  നിത്യവഴുതിന  ,  പാവൽ  ,  പാവൽ  ,  കടച്ചക്ക/ശീമച്ചക്ക 




പാലക്ക്‌ :
=========================
സംരക്ഷിത ആഹാരമെന്ന നിലയില്‍ ഇലക്കറികള്‍ക്കു ഭക്ഷണക്രമത്തില്‍ സുപ്രധാന സ്‌ഥാനമുണ്ട്‌. ചീരയാണ്‌ ഇലക്കറി വിളകളില്‍ ഒന്നാം സ്‌ഥാനത്തു നില്‍ക്കുന്ന പച്ചക്കറി വിള. ചീരയ്‌ക്കൊപ്പമോ അതിലേറെയോ പോഷകസമ്പന്നമായ ഇലക്കറി വിളയാണ്‌ പാലക്ക്‌ അഥവാ ഇന്ത്യന്‍ സ്‌പിനാച്ച്‌. താരതമ്യേന തണുത്ത കാലാവസ്‌ഥയില്‍ വളരുന്ന ശീതകാല പച്ചക്കറിവിളയാണ്‌ പാലക്ക്‌. ഈ ഇലക്കറിവിളയുടെ ഉഷ്‌ണമേഖലാ ഇനങ്ങള്‍ നാട്ടിന്‍ പുറങ്ങളിലും വിജയകരമായി കൃഷിചെയ്യാമെന്നു കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ പച്ചക്കറി കൃഷി വിഭാഗത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. സെപ്‌റ്റംബര്‍ മുതല്‍ മാര്‍ച്ചു വരെ മാസങ്ങളില്‍ നാട്ടിലെ അടുക്കളതോട്ടങ്ങളിലും മട്ടുപാവുകളിലും വീട്ടുവളപ്പുകളിലെ ഗ്രോബാഗുകളിലുമെല്ലാം പാലക്കു വളര്‍ത്തിയെടുക്കാം. ചീരയെക്കാളും എളുപ്പത്തില്‍ കൃഷിചെയ്യാവുന്ന ഇലക്കറിയാണ്‌ പാലക്ക്‌. ഉത്തരേന്ത്യക്കാരുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ്‌ ഈ ഇലക്കറി. ഊട്ടിപോലെ തണുത്ത കാലാവസ്‌ഥയുള്ള മലമ്പ്രദേശങ്ങളില്‍ കൃഷിചെയ്യുന്നുണ്ടെങ്കിലും ദക്ഷിണേന്ത്യയില്‍ ഇതിനു പ്രചാരം കുറവാണ്‌. എന്നാല്‍ അനുയോജ്യമായ ഉഷ്‌ണമേഖലാ, ഇനങ്ങള്‍ ലഭ്യമായതോടെ കാബേജും കോളിഫ്‌ളവറുമെല്ലാം കൃഷി ചെയ്യുന്ന സീസണില്‍ കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ഇനിമുതല്‍ പാലക്കും കൃഷിചെയ്‌തു തുടങ്ങാം. ഓള്‍ ഗ്രീന്‍, ഹരിതശോഭ തുടങ്ങിയ ഇനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്യാന്‍ യോജിച്ച ഇനങ്ങളാണ്‌. ഓള്‍ ഗ്രീന്‍ ഗ്രീന്‍ഹൗസുകളില്‍ ആണ്ടുമുഴുവന്‍ കൃഷിചെയ്യാം.
ഏറ്റവും പോഷകസമ്പന്നമായ ഇലക്കറി വിളകളുടെ മുന്‍നിരയിലാണ്‌ പാലക്കിന്റെ സ്‌ഥാനം. ശരീരഭാരം കുറക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സ്‌ഥിരഭക്ഷണം സഹായിക്കും. പ്രമേഹരോഗം കൊണ്ടു ശരീരത്തിനു സംഭവിച്ചേക്കാവുന്ന സങ്കീര്‍ണതകളെ പാലക്കു തടയും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്‌തസമ്മര്‍ദ്ദത്തെയും കറക്കും. ഹൃദയത്തിന്റെ സംരക്ഷണത്തിനും പാലക്കു സ്‌ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ഉത്തമമാണ്‌. ഉയര്‍ന്നതോതില്‍ നാരുകള്‍ അടങ്ങിയ ഇലക്കറിയാണ്‌ പാലക്ക്‌. വൈറ്റമിന്‍ എ, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്‌, ഫോസ്‌ഫറസ്‌, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ്‌ പാലക്ക്‌.
ഇളംതണ്ടുകള്‍ക്കും മൃദുവായ പച്ചയിലകള്‍ക്കും വേണ്ടിയാണ്‌ പാലക്കിന്റെ കൃഷി. മാംസളവും ഹരിതാഭവുമായ ഇലകള്‍ സലാഡുകളില്‍ പച്ചയായി ചേര്‍ത്തോ വേവിച്ചു പാചകം ചെയ്‌തോ ഭക്ഷിക്കാം. പനീര്‍, ഉരുളകിഴങ്ങ്‌, കോളിഫ്‌ളര്‍, കോഴിയിറച്ചി, തുടങ്ങിയവകൊണ്ടുണ്ടാക്കുന്ന ഭക്ഷണവിഭവങ്ങളില്‍ രുചി കൂട്ടുന്ന ചേരുവയായും പാലക്ക്‌ ഉപയോഗിക്കാം. വിത്തു പാകി മുളപ്പിച്ചാണ്‌ പാലക്ക്‌ കൃഷി ചെയ്യുന്നത്‌. ട്രേകളിലോ പ്ലാസ്‌റ്റിക്‌ ചട്ടികളിലോ ഗ്രോബാഗുകളിലോ വളര്‍ത്താം. ആഴത്തില്‍ പോകാനും വേരുകളുള്ളതിനാല്‍ എവിടെയും ഇത്‌ ആയാസഹരിതമായി വളര്‍ത്താം. ഭാഗികമായ തണലിലോ നല്ല സൂര്യപ്രകാശത്തിലോ കൃഷി ചെയ്യാം. നല്ല വളക്കൂറുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ്‌ കൃഷിക്കു അനുയോജ്യം. മണ്ണിന്‌ നല്ല നീര്‍വാര്‍ച്ചയുണ്ടായിരിക്കണം. തുടര്‍ച്ചയായി നനച്ചുകൊടുത്താല്‍ വളര്‍ച്ചയുണ്ടാകും. ചട്ടികളിലോ ഗ്രോബാഗുകളിലോ വളര്‍ത്തുകയാണെങ്കില്‍ മണ്ണ്‌, മണല്‍, കമ്പോസ്‌റ്റ്, കൊക്കോപീറ്റ്‌, എന്നിവ തുല്യഅളവില്‍ നിറക്കുക. വിത്തു നന്നായി മുളക്കുന്നതിന്‌ ഒരു രാത്രി മുഴുവനും വെള്ളത്തില്‍ മുക്കിവെക്കണം. വിത്തുകള്‍ നട്ട്‌ പത്താംദിവസം മുഴുവന്‍ നനച്ചു തുടങ്ങണം.
വെള്ളത്തില്‍ ലയിക്കുന്ന 19:19:19 എന്‍.പി.കെ. മിശ്രിതം രണ്ടു മുതല്‍ അഞ്ചുഗ്രാം വരെ ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു ആഴ്‌ചയില്‍ ഒരിക്കല്‍ ചെടികള്‍ക്കു തളിച്ചുകൊടുക്കണം. ജൈവവളം മാത്രം നല്‍കിയും പാലക്കു കൃഷിചെയ്യാം. ജൈവവളമാണ്‌ നല്‍കുന്നതെങ്കില്‍ അടിവളമായി എല്ലുപൊടിയും മേല്‍വളമായി വേപ്പിന്‍ പിണ്ണാക്ക്‌, കടല പിണ്ണാക്ക്‌ എന്നിവയും ചേര്‍ത്തു കൊടുക്കണം. ഓരോ വിളവെടുപ്പിനു ശേഷവും ചാണകം കലക്കിയവെള്ളം ഒഴിച്ചുകൊടുത്താല്‍ വിളവുകൂടും. സ്യൂഡോമോണാസ്‌ ലായനി രണ്ടാഴ്‌ചയില്‍ ഒരിക്കല്‍ തളിച്ചുകൊടുത്താല്‍ രോഗബാധനിയന്ത്രിക്കാം. വിത്തു നട്ട്‌ ഒരു മാസത്തിനുള്ളില്‍ ആദ്യവിളവെടുപ്പു നടത്താം. തറനിരപ്പില്‍ നിന്നും അഞ്ചു സെന്റിമീറ്റര്‍ ഉയരത്തില്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട്‌ തണ്ടോടെ മുറിച്ചെടുക്കണം. വിളവെടുത്തതിനുശേഷം രാസവളങ്ങളോ, ജൈവവളങ്ങളോ ചേര്‍ത്തുകൊടുക്കണം. രണ്ട്‌, മൂന്ന്‌ ആഴ്‌ചകള്‍ക്കുള്ളില്‍ വിളവെടുക്കാം. വിളവെടുപ്പിനുശേഷം ഒരു ദിവസത്തിലധികം പുറത്തുവെച്ചിരുന്നാല്‍ ഇലകള്‍ കേടായിപ്പോകും. കൊടുംചൂടുള്ള കാലാവസ്‌ഥ പാലക്കിന്റെ വളര്‍ച്ചക്കു ഹാനികരമാണ്‌. തണുപ്പുള്ള മലമ്പ്രദേശങ്ങളില്‍ ഇത്‌ ആണ്ടു മുഴുവന്‍ കൃഷിചെയ്യാം. നാട്ടിലെ കാലാവസ്‌ഥയില്‍ മറ്റു പ്രദേശങ്ങളില്‍ സെപ്‌തംബര്‍ മുതല്‍ മാര്‍ച്ചു വരെയുള്ള മാസങ്ങളില്‍ കൃഷിചെയ്യാം.
----------------

No comments: