അലങ്കാര ചെടികള്‍

തുമ്പപ്പൂവ്:
===================
ഓണപ്പൂക്കളില് പ്രഥമസ്ഥാനം തുമ്പപ്പൂവിനാണ്. തൂവെള്ള നിറം തൂകി കൂട്ടമായി കാണുന്ന തുമ്പപ്പൂവ് ഓണപ്പൂക്കളങ്ങളില് മധ്യത്തിലാണ് ഇടുക. എത്ര വലിയ പൂക്കളമാണെങ്കിലും ഏതുനിറത്തിലുള്ള പൂക്കളാണെങ്കിലും നടുവില് തുമ്പതന്നെയാകും സ്ഥലം പിടിക്കുക. ലോബിയേറ്റ കുടുംബത്തില്പ്പെടുന്ന തുമ്പയുടെ ശാസ്ത്രീയനാമം ല്യൂകാസ് ആസ്പെറ എന്നാണ്. തുമ്പയുടെ എല്ലാ ഭാഗങ്ങളും ഒൗഷധമുള്ളതാണ്. ആയുര്വേദ മരുന്നുകള് തയാറാക്കാനാണ് തുമ്പ പ്രധാനമായും ഉപയോഗിക്കുന്നത്. ഉത്തരകേരളത്തില് മുത്തപ്പന് തെയ്യക്കോലത്തിന് തുമ്പപ്പൂ പ്രധാനമായും ആവശ്യമാണ്.

കാക്കപ്പൂവ്:
====================
നീലയും വെള്ളയും കലര്ന്ന നിറത്തില് കാണപ്പെടുന്ന കാക്കപ്പൂവ് ഓണക്കാലത്തെ പ്രധാന കാഴ്ചയാണ്. കുന്നിന് ചരിവുകളിലും പാറപ്രദേശങ്ങളിലുമാണ് ഇവ ധാരാളമായി വളരുക. പണ്ട് വീട്ടുപറമ്പിലെ മണ് കൈയാലകളിലും കാക്കപ്പൂവ് സ്ഥാനം പിടിച്ചിരുന്നു. കണ്ണൂര് ജില്ലയിലെ മാടായിപ്പാറയിലാണ് കാക്കപ്പൂവ് അതിന്െറ ഏറ്റവും സൗന്ദര്യത്തില് കാണുന്നത്. ഓണപ്പൂക്കളങ്ങളില് പ്രധാനസ്ഥാനം തന്നെയായിരുന്നു പഴയ കാലത്ത് കാക്കപ്പൂവിന്. എന്നാല്, ഇവ അരിയാനുള്ള ക്ഷമയില്ലാത്തതുമൂലം ഇന്ന് പൂക്കളങ്ങളില്നിന്ന് അപ്രത്യക്ഷമായി.

കൃഷ്ണപ്പൂവ്:
==============
ചിങ്ങമാസത്തില് കണ്തുറക്കുന്ന നീലവര്ണമുള്ള പൂക്കളാണ് കൃഷ്ണപ്പൂവ്. തോട്ടിന്വക്കിലും പാടവരമ്പത്തും കൊയ്ത്തുകഴിഞ്ഞ വയലിലുമാണ് കൃഷ്ണപ്പൂവ് ധാരാളമായി ഉണ്ടാകുന്നത്. പ്ളാവിന് കൊട്ടാളയുണ്ടാക്കി കൃഷ്ണപ്പൂവിറുക്കാന് ഓണക്കാലത്തെ വൈകുന്നേരങ്ങളില് കുട്ടി സംഘങ്ങള് പാടത്തേക്ക് നടത്തുന്നയാത്ര ഒരു കാലത്ത് ഗ്രാമങ്ങളുടെ സൗന്ദര്യങ്ങളില് ഒന്നായിരുന്നു. കാക്കപ്പൂവിനൊപ്പം കൃഷ്ണപ്പൂവും ഓണപ്പൂക്കളങ്ങളില്നിന്ന് അപ്രത്യക്ഷമായിത്തുടങ്ങി.

ചെത്തിപ്പൂവ്:
==============
എല്ലാ കാലത്തും ഉണ്ടാകുന്ന പൂവാണ് ചെത്തിപ്പൂവ്. എന്നാലും ഇടവപ്പാതി കഴിഞ്ഞെത്തുന്ന ഓണക്കാലത്താണ് ചെത്തിപ്പൂവ് ധാരാളമായി ഉണ്ടാവുക. അനേകം പൂക്കള് ഒരു ശാഖയില് ഒന്നിച്ചുചേര്ന്ന് വലിയ പൂക്കളായാണ് ചെത്തിപ്പൂവ് കാണുക. ചുവന്ന നിറത്തില് ഏവര്ക്കും ആകര്ഷണീയമായി തോന്നുന്ന ചെത്തിപ്പൂവ് ‘തെച്ചി’ എന്ന പേരിലും അറിയപ്പെടുന്നു. റൂബിയേസിയേ എന്ന കുടുംബത്തില്പെടുന്ന ചെത്തിയുടെ ശാസ്ത്രീയനാമം ഇക്സോറ കോക്സിനിയം എന്നാണ്.

മുല്ലപ്പൂവ്:
============
മനോഹരമായ സൗന്ദര്യവും ആകര്ഷണീയമായ നിറവും ചൊരിഞ്ഞുനല്കിയ പൂക്കളാണ് മുല്ലയുടേത്. മുല്ലപ്പൂവ് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ‘മുല്ല’പ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം’ എന്ന് കവി പാടിയതുതന്നെ ഈ പൂവിന്െറ സുഗന്ധം തിരിച്ചറിഞ്ഞുകൊണ്ടാണ്. വെള്ള നിറത്തിലാണ് മുല്ലപ്പൂവ് കാണുക. എങ്കിലും, ഇവ പലതരത്തിലുമുണ്ട്. കുറ്റിമുല്ല, മണമില്ലാമുല്ല, സാധാരണ മുല്ല, കട്ടമുല്ല എന്നിവ ഇതില് ചിലതുമാത്രം. മുല്ലപ്പൂവില്നിന്ന് വികസിപ്പിച്ചെടുത്ത സുഗന്ധദ്രവ്യം ഉപയോഗിച്ച് സോപ്പ്, പെര്ഫ്യൂമുകള് എന്നിവ തയാറാക്കുന്നു. പാകിസ്താന്െറ ദേശീയ പുഷ്പമാണ് മുല്ല.

ചെമ്പരത്തി:
=============
പല നിറത്തിലുമായി കാണപ്പെടുന്ന കുറ്റിച്ചെടിയാണ് ചെമ്പരത്തി. കേരളത്തിലെ എല്ലാ വീട്ടുപറമ്പുകളിലും സര്വസാധാരണമായി ഈ ചെടി കാണുന്നു. എല്ലാ കാലത്തും ഒരു പോലെ പുഷ്പിക്കുന്ന ഇവക്ക് ചുവപ്പ് പുഷ്പങ്ങളാണ് സാധാരണ ഉണ്ടാവുക. വെള്ള, മഞ്ഞ, റോസ്, ഓറഞ്ച് തുടങ്ങി പലനിറത്തിലും ചെമ്പരത്തിയില്നിന്ന് സങ്കരയിനങ്ങള് ഉണ്ടാക്കിയിട്ടുണ്ട്. ഹിബിസ്കസ് റോസ് സൈനന്സിസ് എന്നതാണ് ചെമ്പരത്തിയുടെ ശാസ്ത്രീയ നാമം. ഓണപ്പൂക്കളത്തില് ചെമ്പരത്തിക്ക് പ്രധാനസ്ഥാനം തന്നെയാണുള്ളത്.

ആമ്പല്പൂവ്:
==================
ചെറിയ ജലാശയങ്ങളിലും വെള്ളം കെട്ടിനില്ക്കുന്ന വയലിലും ധാരാളമായി കാണുന്ന ഒരു പൂവാണ് ആമ്പലിന്േറത്. മനോഹരമായ ഈ പൂവ് ഓണക്കാലത്തെ പ്രധാന കാഴ്ചയാണ്. മിക്ക ഓണമത്സരങ്ങളിലും പൂക്കളങ്ങളിലും വിധികര്ത്താക്കളെ ആകര്ഷിക്കാന് സ്ഥാനംപിടിക്കുന്നതില് പ്രധാനിയായി ആമ്പലുമുണ്ട്. ചുവപ്പും വെളുപ്പും കലര്ന്ന നിറത്തിലും വെളുപ്പും മഞ്ഞയും കലര്ന്ന നിറത്തിലുമായി ആമ്പല്പൂവ് കാണുന്നു. ഇതിന്െറ തണ്ട് നീളം കൂടിയതാണ്. കുട്ടികള് കളിക്കിടെ മാലയാക്കാനും ആമ്പലിനെ ഉപയോഗിക്കുന്നു.

താമര:
========
ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന ജലാശയങ്ങളിലും പൂന്തോട്ടങ്ങളിലെ കൃത്രിമ കുളങ്ങളിലും വളരുന്ന താമര ഏറ്റവും ആകര്ഷണീയമായ പുഷ്പമാണ്. നമ്മുടെ ദേശീയ പുഷ്പം കൂടിയാണ് താമര. വേനല്ക്കാലത്താണ് ഇവ ധാരാളമായി ഉണ്ടാകാറുള്ളത്. ഇളം പിങ്കുനിറത്തിലുള്ള താമരയാണ് നമ്മുടെ നാട്ടില് പൊതുവെ കാണുന്നത്. ഇന്ത്യക്കൊപ്പം ഈജിപ്ത്, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെയും ദേശീയ പുഷ്പമാണ് താമര.

ജമന്തി:
============
ഒരുകാലത്ത് നമ്മുടെ നാട്ടില് സര്വസാധാരണമായിരുന്ന ഒരു പുഷ്പമാണ് ജമന്തി. എന്നാല്, ഇന്ന് ഇതിനായി നാം കര്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. ജപ്പാന്െറ ദേശീയ പുഷ്പംകൂടിയായ ജമന്തി പല നിറങ്ങളിലുമായി കാണപ്പെടുന്നു. തങ്കനിറം, ഇളം മഞ്ഞ, വെള്ള എന്നീ നിറങ്ങളിലാണ് പ്രധാനമായും ജമന്തി കാണുന്നത്. ക്രസാന്തമം എന്ന ഗ്രീക്ക് പദത്തില്നിന്നാണ് സ്വര്ണനിറത്തിലുള പുഷ്പം എന്നര്ഥമുള്ള ജമന്തി എന്നപേര് വന്നത്. ജമന്തിയുടെ ഗന്ധം ഏവരെയും ആകര്ഷിക്കുന്നതാണ്.

മന്ദാരം:
=========
നമ്മുടെ വീട്ടിലും പറമ്പിലും പൂന്തോട്ടത്തിലും കാട്ടിലുമൊക്കെയായി ധാരാളം വളരുന്ന ചെറുപുഷ്പമാണ് മന്ദാരം. ഇതിന്െറ പൂക്കള് വെള്ള, ചുവപ്പ്, കാഞ്ചനം എന്നീ വര്ണങ്ങളില് കാണുന്നു. വീടിന് മനോഹാരിത നല്കാന് പൂന്തോട്ടങ്ങളില് മന്ദാരം വെച്ചുപിടിപ്പിക്കുക എന്നത് ശീലവുമാണ്. ഇലയിടുക്കുകളില് കുലകളായി കാണപ്പെടുന്ന മന്ദാരപ്പൂക്കള് എല്ലാ കാലത്തും സമൃദ്ധമായി വളരുന്നു. ബൊഹിനീയ അക്യുമിനേറ്റ എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന മന്ദാരം ധാരാളം ഒൗഷധ ഗുണങ്ങള് നിറഞ്ഞ ഒരു സസ്യംകൂടിയാണ്.

ഓര്ക്കിഡ്:
=============
വിദേശിയാണെങ്കിലും ഇന്ന് നമ്മുടെ നാട്ടില് ധാരാളമായ കാണുന്ന ഓര്ക്കിഡ് പുഷ്പങ്ങള് പൂക്കളങ്ങളിലെ ഒരു സ്ഥിരം സാന്നിധ്യമായി മാറിയിട്ടുണ്ട്. വലുതും ചെറുതുമായി വ്യത്യസ്തങ്ങളായ ആകൃതികളില് കാണുന്ന ഓര്ക്കിഡിന് മനോഹരമായ നിറമാണുള്ളത്. 20,000ത്തോളം തരം ഓര്ക്കിഡുകള് ഉണ്ടെന്നാണ് ശാസ്ത്രലോകത്തിന്െറ കണ്ടെത്തല്, വെനിസ്വേല എന്ന രാജ്യത്തിന്െറ ഒൗദ്യോഗിക പുഷ്പംകൂടിയാണ് ഓര്ക്കിഡ്.

കോസ്മോസ്:
=============
അന്യസംസ്ഥാനങ്ങളില്നിന്ന് ഓണക്കാലത്ത് ധാരാളമായി ഇറക്കുമതി ചെയ്യുന്ന പൂക്കളിലെ മുഖ്യ ആകര്ഷണീയമാണ് കോസ്മോസ് പൂക്കള്. ഇതിന്െറ ഇല, തണ്ട്, പൂക്കള് എന്നിവയെല്ലാം മനോഹരങ്ങളാണ്. വെള്ള, മഞ്ഞ, കടുംചുവപ്പ്, ഇളം ചുവപ്പ് എന്നീ നിറങ്ങളിലെല്ലാം കോസ്മോസ് പൂക്കള് കാണപ്പെടുന്നു. ഏതു കാലാവസ്ഥയിലും ധാരാളം വളരുന്ന പൂക്കളാണ് കോസ്മോസിന്െറത്.

കാശിത്തുമ്പ:
====================
നാട്ടുപൂക്കളില് പ്രധാനിയാണ് കാശിത്തുമ്പ. ഓണക്കാലത്ത് ഇവ ധാരാളമായി കണ്ടുവരുന്നു. പറിച്ചെടുത്താല് ഉടന് വാടിപ്പോകുമെന്നതിനാല് പൂക്കളങ്ങളൊരുക്കുമ്പോള് മാത്രമേ കാശിത്തുമ്പ പറിച്ചെടുക്കാറുള്ളൂ. പൂക്കളുടെ പ്രത്യേക രീതിയിലുള ആകൃതി ആകര്ഷണീയമാണ്. പല നിറത്തിലും ഇതിന്െറ പൂക്കള് കാണപ്പെടുന്നു.

സീനിയ:
============
നമ്മുടെ പൂന്തോട്ടങ്ങളില് നിത്യ സൗന്ദര്യം നിലനിര്ത്തുന്ന പൂവാണ് സീനിയയുടേത്. എല്ലാകാലത്തും ഇവ പുഷ്പിക്കാറുണ്ടെങ്കിലും ഓണക്കാലത്ത് ധാരാളമായി ഉണ്ടാകുന്നു. മഞ്ഞ, ഇളം മഞ്ഞ, വയലറ്റ്, ഓറഞ്ച് എന്നീ നിറങ്ങളിലെല്ലാം സീനിയയുടെ പൂക്കള് കാണുന്നു. വെയില് നല്ലപോലെ ഏല്ക്കാത്ത സ്ഥലങ്ങളില് സീനിയ നന്നായി വളരുകയുമില്ല. തണ്ടിന്െറ വശങ്ങളില്നിന്ന് ശാഖകളുണ്ടാവുകയും അതില് പൂക്കള് നിറയുകയും ചെയ്യുന്ന സീനിയ ഏവര്ക്കും മനോഹാരിത നല്കുന്നു.

വാടാര്മല്ലി:
================
ഓണക്കാലത്ത് നാട്ടുതൊടിയില് ധാരാളമായി വളരുന്ന പൂവാണ് വാടാര്മല്ലി. ഓണപ്പൂക്കളങ്ങളില് ഇവക്ക് പ്രധാനമായ സ്ഥാനമാണുള്ളത്. ഇതിന്െറ പിങ്ക് നിറത്തിലുള്ള പൂക്കളാണ് ഏറെ ആകര്ഷണീയം. പറിച്ചെടുത്താലും കുറച്ചു ദിവസത്തേക്ക് വാടാതെ നില്ക്കുന്നതുകൊണ്ടാണ് വാടാര് മല്ലിയെന്ന പേരു വന്നത്.

കൈതപ്പൂവ്:
==============
മണ്കൈയാലകളിലും തോട്ടിന് കരയിലും ധാരാളമായി വളര്ന്നു വിളഞ്ഞു നില്ക്കുന്ന ചെടിയാണ് കൈതപ്പൂവിന്േറത്. സുഗന്ധമുള്ള ഇതിന്െറ പൂക്കള്ക്ക് മഞ്ഞ നിറമാണ്. മുമ്പ് പൂക്കളങ്ങളൊരുക്കുമ്പോള് കൈതപ്പൂവും ഉപയോഗിച്ചിരുന്നു. എന്നാല്, ഇറക്കുമതി പൂക്കളില് മത്സരപ്പൂക്കളമൊരുക്കുന്നിടത്ത് കൈതപ്പൂ എന്ന നാട്ടുപൂവ് അപ്രത്യക്ഷമായി.

ബോഗന്വില്ല:
=================
എല്ലാ കാലത്തും ധാരാളമായി പുഷ്പിക്കുന്ന കുറ്റിച്ചെടി സസ്യമാണ് ബോഗന് വില്ല. പൂക്കളമൊരുക്കുമ്പോള് ഇവക്കും ഇന്ന് സ്ഥാനം നല്കുന്നുണ്ട്. ഓറഞ്ച്, വെള്ള, മഞ്ഞ, പിങ്ക്, കടുംചുവപ്പ് എന്നീ നിറങ്ങളിലെല്ലാം ഇതിന്െറ പൂക്കള് കാണുന്നു.

സൂര്യകാന്തി:
===============
പേരുപോലെത്തന്നെ സൂര്യനെ ഇഷ്ടപ്പെടുന്ന ഈ ചെടി നല്ല വെയിലുള്ള പ്രദേശത്തുമാത്രമേ സമൃദ്ധമായി വളരുകയുള്ളൂ. മഞ്ഞയും ഇളം മഞ്ഞയും നിറമുള്ള സൂര്യകാന്തി എല്ലാ പ്രദേശങ്ങളിലും ധാരാളമായി വളരുന്നു.

കണിക്കൊന്ന:
==============
കേരളത്തിന്െറ ഒൗദ്യോഗിക പുഷ്പമായ കണിക്കൊന്ന ജനുവരി മുതല് മേയ്മാസംവരെ ധാരാളമായി കാണുന്നു. എല്ലാ കാലത്തും പുഷ്പിക്കാറുണ്ടെങ്കിലും ചൂടൂ കൂടുതലായി വേണ്ട ചെടിയാണിത്. വിഷുക്കാലത്ത് കണിയൊരുക്കാന് ഈ പൂവ് നിര്ബന്ധമാണ്. കുലകളില് മഞ്ഞ വസന്തം നിറച്ചുള്ള കണിക്കൊന്ന പൂക്കള് ആരെയും ആകര്ഷിക്കുന്നത് കൂടിയാണ്.

ഡാലിയ:
=============
മെക്സികോയുടെ ദേശീയ പുഷ്പമായ ഡാലിയ ഏറെ സൗന്ദര്യമുള്ള ഒരു പൂവാണ്. ഉദ്യാനങ്ങളില് നയനമനോഹരമായ വര്ണങ്ങള് നിറക്കുന്ന ഈ പൂക്കള് ഓണക്കാലത്തെ പ്രധാന ഇറക്കുമതികൂടിയാണ്. ആകര്ഷണീയമായ പല നിറത്തിലും ഡാലിയ കാണുന്നു.

റോസ്:
=============
പൂക്കളിലെ രാജ്ഞിയായി അറിയപ്പെടുന്ന റോസിനെ നാട്ടുമ്പുറങ്ങളില് പനിനീര്പൂവ് എന്നാണ് പറയുന്നത്. ഇതിന്െറ പലവിധ വര്ണങ്ങളും ഗന്ധവും ഏറെ ആകര്ഷണീയമാണ്. ശ്രദ്ധിച്ചാല് ധാരാളം പൂക്കള് ഈ ചെടിയില്നിന്ന് ഉണ്ടാക്കാം. സുഗന്ധദ്രവ്യങ്ങളും റോസില്നിന്ന് നിര്മിക്കുന്നു. ഇംഗ്ളണ്ട്, റുമേനിയ, ബള്ഗേറിയ, ഇറാന്, ഇറാഖ്, മാല ദ്വീപ് എന്നിവരുടെ ദേശീയപുഷ്പമാണ് റോസ്.

No comments: